ഓണമുറിവുകൾ
...................................
ഓണമൊരോർമ്മയാണ്
ഓട്ടു കിണ്ടിമിനുങ്ങാത്ത
യെൻ വീടിന്റെയുമ്മറത്ത്
പാട്ടവിളക്കിന്റെ കരിന്തിരി
കാളസർപ്പം കണക്കെ-
യാച്ചുവരിലെ ചിത്രപടം
ഒറ്റമുറി കോണിലായ്
മുക്കല്ലടുപ്പിലെ
പൊട്ടിയ മൺചട്ടിയിത്തിരി
പ്രതീക്ഷ തൻ ദാരിദ്ര്യവറ്റുകൾ
കർക്കിടകമിടയ്ക്ക് നീണ്ടു
നടന്നു നനച്ച യെൻ
ചാണകത്തറയിലെ
തഴപ്പായരാവുകൾ
മൂടുകീറിയനിക്കർ ഇടംകയ്
കുടുക്കാക്കി ഇടയ്ക്കിടെ
പൊന്തിച്ച്
ഇത്തിരി മുറ്റത്ത്
പച്ചില പൂവാക്കിയിട്ടതാണെന്റെ
ഓണം
ഓർമ്മയിൽ ഒരോണത്തിനമ്മ
കാൽ തെറ്റി വീണു പൊട്ടിയ മുറിവും
നിറവയറും പേറി പോയതാണാച്ഛനൊപ്പം ആശുപത്രിയിൽ
'കുഞ്ഞ് 'അനുജത്തിയെന്ന്
ആരോ അടക്കം പറഞ്ഞു
അടക്കാനിടമില്ലത്രേ
ജനിച്ചേറെയാവാത്തതല്ലേ
ആശുപത്രിക്കുപ്പയിലനാഥം
തൂശനിലകൾ നീരുതേടെ
താനെ തെളിയുമിന്നുമൊരിളം
പൈതലിന്നുടൽ ചിത്രം
ഓർമ്മകളിങ്ങനെ തികട്ടുമ്പോൾ
ഓണമെന്നുമുണങ്ങാതെ
നോവു ചാലിച്ച കളങ്ങളായ്.
അഡ്വ: നിഷാദ്തങ്കപ്പൻ
No comments:
Post a Comment