ഓർമ്മച്ചുരങ്ങൾ
*****************
ഒന്നാമത്തെ ഹെയർപിൻ വളവ് കയറുമ്പോഴാണ്
വണ്ടിക്കൂലിയിരന്ന് കമ്മറ്റിക്ക് പോയ കാലത്തെക്കുറിച്ച് അഭയനോട് പറഞ്ഞത്
രണ്ടാം വളവ് നിവർത്തി ജോസിലിന്റെ ക്യാമറക്ക് കണ്ണിറുക്കുമ്പോൾ
ഞങ്ങൾ ആത്മഹത്യകളെക്കുറിച്ച് പറയുകയും
വിശപ്പു കാലത്തും സമരപ്പെട്ടതിന്റെ കരുത്ത് പങ്കു വയ്ക്കുകയും ചെയ്തു
മൂന്നാം വളവിൽ കരിപ്പലങ്ങാട് ഷാപ്പിലെ കപ്പയും ചാറും ഓർമ്മനുണയുമ്പോൾ
സ്ഥിരമായി പിരിവു തന്നിരുന്ന ചെത്തുതൊഴിലാളി യൂണിയനെ ഓർത്തു
നാലാമത്തെ ചുരത്തിൽ ബാക്കി എട്ടിനെ കാട്ടുന്ന ബോർഡിന് താഴെ കണ്ട പശു
സിജുമോൻ വർക്കിയെ ഓർമ്മിപ്പിച്ചു
വൈകി വന്ന കമ്മറ്റിയിൽ വഴിയിൽ തന്താരുടെ പ്രായത്തിലൊരു വൃദ്ധന്റെ കന്നിനെ മാറ്റിക്കെട്ടി സഹായിച്ച് വണ്ടി നഷ്ടമായ കഥ അവനോളം നന്മയിൽ
അടയാളപ്പെട്ടു കിടന്നു
അഞ്ചാം വളവിൽ ആന വണ്ടിയും
പി പി നമ്പരും മാത്രമുള്ള കാലത്തെ
വിപ്ളവത്തെപ്പറ്റി അഭയൻ വാചാലനായി
ആറ് കയറുമ്പോൾ അറ്റുപോയവരിൽ
സണ്ണിയും ,കുഞ്ഞുമുഹമ്മദും, മാർസലിനും
ഓർമ്മ ചിത്രങ്ങളിൽ ശുഭ്ര പതാകയേന്തി നിന്നു
എഴാം വളവിനപ്പുറത്തെ ഏലച്ചുവടിനെ കണ്ട്
വീട്ട് പന്തായത്തിലെ കായ കട്ട് വിറ്റ്
കൂട്ടരെയൂട്ടിയ റോഷനെ കണ്ടില്ലല്ലോ എന്ന്
പരതി
എട്ടു കടക്കുമ്പോൾ യാത്രയുടെ ഇൻട്രോയിൽ
തുടർച്ചകളെപ്പറ്റിപ്പറഞ്ഞ് വികസനത്തിന്റെ
വഴിയടയാളങ്ങളിലേയ്ക്ക് ക്യാമറ തിരിക്കുന്നു
ഒൻപത് കടക്കുമ്പോൾ അനിൽ പി ജിയും
പി ബി സാബു എത്തിയ വിവരത്തിന് വിളിയിട്ടു
അറിയിപ്പുകൾക്ക് പോസ്റ്റ് കാർഡ് സാധ്യതകൾ മാത്രമുള്ള പഴയ കാലം
ഓർമ്മ തുരന്നെത്തി
പത്താം വളവ് കയറി വണ്ടിയൊതുക്കി ഒരോ സെൽഫിയിൽ ഞങ്ങളടയാളപ്പെട്ടു
മൊബൈൽ ക്യാമറകളില്ലാതെ
ഹൃദയത്തിൽ അടയാളപ്പെട്ടവരുടെ
ഒത്തുചേരലിൽ
സെൽഫികൾക്കെന്ത്
പതിനൊന്നും പന്ത്രണ്ടും കയറുമ്പോൾ കഴിഞ്ഞു പോയ കാലം
പാർട്ടിയാപ്പീസിലെ മര ബഞ്ചിൽ വിരിച്ച
പത്രക്കടലാസു പോലെ ഓർമ്മകൾക്ക് മെത്ത വിരിക്കുകയും
പെയ്ൻറ് മണമുള്ള ബാനർ തുണി പുതച്ച് ഒരു വിശപ്പ് ഞങ്ങളിലേക്ക് കോടമഞ്ഞു പോലെ
പരന്ന് നിറയുകയും ചെയ്തു.
അഡ്വ: നിഷാദ് തങ്കപ്പൻ
NB : *പി പി നമ്പർ- പോയി പറയാനുള്ള നമ്പർ ( അയലത്തെ അല്ലയെങ്കിൽ സമീപത്തുള്ള ഏതെങ്കിലും വീട്ടിലെ ലാൻഡ് ഫോൺ സൗകര്യം )
No comments:
Post a Comment