Saturday, November 12, 2022

 അപരിചിതം

........................

ജീവിതത്തിന്റെ നട്ടുച്ചയുണ്ട്

നര പടർന്ന ഏതോ മൂകതയിലാണ്

നമ്മൾ കരുതലുകളെപ്പറ്റി

തർക്കത്തിലായത്


വാക്കുകളുടഞ്ഞ് വീണ

മാത്രകളുടെയറ്റത്ത്

നിശബ്ദതയുടെ അർത്ഥത്തിന്

വല്ലാതെ വേദനിച്ചിരുന്നു


വായിക്കപ്പെടാതെ പോയ

പുസ്തകമായി വക്കുകളടർന്ന്

നിനക്കു മുന്നിൽ ഇത്ര കാലം

ശേഷിച്ചതിന്റെ വിങ്ങലുണ്ടുറക്കം

വരാത്ത രാത്രിയിലാണ് ഞാൻ


ഒത്തിണക്കങ്ങളുടെ വീമ്പുപറയലുകളിൽ

എത്ര കേമരായിരുന്നു നമ്മൾ

ദിക്ക് തെറ്റി നടന്ന് തേഞ്ഞ

ചെരുപ്പടയാളങ്ങൾ


മയിൽപ്പീലി തുണ്ടുപെറ്റ 

പുസ്തകത്തിന്റെ

പൈങ്കിളിത്താളിൽ

കോറിയിട്ട പേരുകൾ

വാലുമുളച്ച് അധികാര ഭൂപടം

കടപ്പെട്ട് അന്യരായവർ


മരുഭൂമിയകലങ്ങളും

കടലാഴങ്ങൾക്കുമപ്പുറം

ഒരു മിഴിദൂരമെന്ന്

പരസ്പരം കുറിച്ച

മണൽ വരകൾ

കടലമ്മ കള്ളിയെന്നപോൽ

ഉപ്പുചാലിച്ചുമാഞ്ഞിരിക്കുന്നു


തുലാസുകളുടെ സൂചിമുനകുത്തി

കാഴ്ചയുടഞ്ഞവനാണ് ഞാൻ

അതിവൈകാരികതകൾക്കപ്പുറം

കരുതലുകളുടെ തുരുത്തിലെ

കാവൽക്കാരൻ


ഒരോ പന്തവുമെരിയുന്നത്

പ്രതീക്ഷകൾക്കാണ്

മാറ്റി വരയ്ക്കപ്പെട്ട 

രുചിക്കളങ്ങളിൽ 

നിന്റെ ശബ്ദവും ശ്വാസവേഗം

പോലും അപരിചിതമാണെനിക്ക് !


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment