Saturday, November 12, 2022

 ഓർമ്മ പതഞ്ഞ് തൂവിയുണങ്ങിയ

വീഞ്ഞ് കുടമായ്

ആഘോഷങ്ങളിൽ മാത്രമോർമ്മിച്ച്

അടയാളമിട്ട്

നിന്നെയുമെന്നെയും 

കലണ്ടറിൽ ചേർത്തു 

വെയ്ക്കുന്നുണ്ട്


ആമുഖത്തിലേ മുടങ്ങിയ

പുസ്തകമായി നീ

ഇരണ്ട കെട്ടി വീർത്ത്

ദഹനബന്ധ ശമനികൾ തേടുന്നുണ്ട്


ഞാനിങ്ങനൊക്കെയെങ്കിലും

നീ കാസകളിൽ നുരഞ്ഞ്

കാഴ്ച മേളമായ് ലഹരി പൂക്കും

ചിന്തയായ്...

ഹാ... ശ്രേഷ്ഠമിതാലംകൃതം

മധുവൂറും മന്ദസ്മിതം


നീ പുകഴ്ത്തലുകളുടെ 

മഞ്ഞ് മലകൾ താണ്ടി

ഗിരിശൃംഖങ്ങളിൽ

സൂര്യനെ സീമന്തരേഖയിലാവാഹിച്ച്

ശ്രീ ഭൂവായ് നിൽക്കെ


മഞ്ഞുറഞ്ഞ മത്താപ്പൂകൾ

കത്തുമൊരു കാലം കാത്ത്

അന്നുദിക്കുന്ന സൂര്യനാവും ഞാൻ

No comments:

Post a Comment