Saturday, November 12, 2022

 പിൻ നടത്തങ്ങൾ

...............................

ഒളിച്ചു വച്ച ദൂരങ്ങളാണ്

പുറകിൽ ഏറെയും

ഇന്നുകൾ പൊള്ളിത്തുടങ്ങിയ

ഏതോ ചിന്തയുടെ ഉച്ചയിലാണ് 

കാലടികൾ പുറകോട്ടെണ്ണിയത്


തുരങ്ക ഭിത്തികളിൽ

മൺകട്ടകളടർന്ന വഴികൾ

പൊത്തുകളിൽ ഒളുപ്പിച്ച പേടകത്തിൽ

കാണാക്കവിതകൾ 

ഒരോന്നും പുതുരൂപങ്ങളായന്യം


കാഴ്ചകൾക്കൊപ്പം ശബ്ദങ്ങൾ

കാലടിയൊച്ചകൾ

ഞാൻ മാത്രമല്ല 

അവരും പിൻനടത്തത്തിലാണ്


ഒന്നായ് നടക്കാതെ

അതിർത്തികൾ മാറ്റി വരച്ച് 

ഭൂഖണ്ഡങ്ങളായവർ

പച്ചയും നിലയും ഏറിയും കുറഞ്ഞും

രൂപമേറ്റവർ

വരൾച്ചകളുടെ വർത്തമാനത്തിൽ

പിൻനടത്തങ്ങളിൽ മഴ കാക്കുവോർ

ഒന്നായ് നനയാതിരുന്ന പകലുകൾ

കൊതിക്കുവോർ


നിഴലിണക്കങ്ങൾക്ക്

കടൽക്കാറ്റിന് നിലാവിന്

ഒത്തിണക്കാനാവാതിരുന്ന

സൗന്ദര്യങ്ങൾക്ക് 

ഒരു മാത്രയവശേഷിപ്പതുണ്ടെന്ന

വ്യർത്ഥ പ്രതീക്ഷയിൽ

നഷ്ടങ്ങളുരഞ്ഞു കത്തിയ

പൊള്ളലിൽ തിരിഞ്ഞു നടന്നവർ


ഒന്നു മാത്രം 

കാലടികൾ ചേർത്ത് വയ്ക്കാനാവാത്ത

തീവണ്ടിപ്പാതകളാണ് നാം


അഡ്വ. നിഷാദ് തങ്കപ്പൻ

No comments:

Post a Comment