Saturday, November 12, 2022

 കടങ്കഥ

..............

പേരൊന്നു പറയട്ടെ

ഞാനറിയാത്ത നോട്ടങ്ങൾ 

നോക്കീയെന്നെയറിഞ്ഞവൾ


നാളൊന്നു ചെല്ലട്ടെ

നന്ത്യാർവട്ടങ്ങൾ പൂക്കുന്ന നാളിൽ

എന്നോ പിറന്നവൾ


ഓർത്തോർത്തു പറയട്ടെ

ഓർമ്മകൾ തേടട്ടെ

ഒന്നായിരിക്കുവാൻ രണ്ടായിരുന്നവർ

രണ്ടായിരുന്നിട്ടും ഒന്നുമാവാത്തവർ


എന്തിനാണെന്നോ ഏതറ്റമെന്നോ

നോക്കാതെ ജീവിതം നീന്തേണ്ടി വന്നവർ


കാത്തിരിപ്പിന്റെ കടങ്കഥ ചൊല്ലട്ടെ

ഒറ്റയാക്കപ്പെട്ട മറുമൊഴിയാവട്ടെ


ചോദ്യങ്ങളാളുമ്പോൾ 

ഉത്തരമില്ലാതെ ഉത്തരത്തൂണിൽ

ഊഞ്ഞാലിലാടിയോൾ

ഊഞ്ഞാലിനുത്തരം താലിയിൽ കോർത്തവൾ

ജീവിതമങ്ങനെ കടങ്കഥയാക്കിയോൾ


ഒരു വാക്കിലൊരു

വരിയിലൊന്നിലും തികയാതെ

ജീവിതമാകെ കട്ടെടുത്തോടിയോൾ


കടവും കഥയും ചേരാതെ ഞാനിന്നു

കടപ്പെട്ടു പോയൊരു കഥയിലൊരൂഞ്ഞലിൻ

ചരടുകൾ തേടട്ടെ.

   

                            അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment