രാത്രിവണ്ടി
* * * * * * *
ഏറെ നേരം പോയൊരു
രാത്രി തൻ ഓരം പറ്റി
ഒറ്റയാൾ മാത്രമായൊരു
നിശബ്ദതയും പേറി
ആത്മഹത്യാമുനമ്പിലേയ്ക്കൊരു വണ്ടി
ചുരം കയറുന്നു
അയാൾ അവസാനമെഴുതിയ
കവിതയിൽ മരിച്ചൊരാത്മാവ്
പിൻസീറ്റിലിരുന്ന്
പാറുന്ന മുടിയിഴകളുടെ
ഈണമളക്കുന്നു
പിൻതിരിയപ്പെടാനിടം കൊടുക്കാതെ
ചന്ദ്രിക കണ്ണിറുകെപ്പൂട്ടി
കറുത്തൊരു തുണ്ടിൻ പിന്നിൽ
ശ്വാസമടക്കുന്നു
അറുത്തുമാറ്റപ്പെട്ട വേരുകളുടെയറ്റം
നീലിച്ച് നീലിച്ച് കുറ്റപത്രം കുറിക്കുന്നു
ഒച്ചയുണ്ടാക്കാതെ ഓടാമ്പലെടുത്തിറങ്ങുമ്പോൾ
നിദ്രപുൽകിക്കിടന്ന ജന്മകർമ്മങ്ങളുടെ
കിനാക്കളിൽ കരിന്തേൾ കുത്തുന്നു
സംഘർഷങ്ങളുടെ തുരുത്തുകൾ പൊട്ടിച്ച്
ഉറച്ച് പോയ വഴിനിശ്ചയത്തിന്റെ കരുത്തിൽ
നിശബ്ദത വീണ്ടും വീണ്ടും
ഇരുട്ട് ചവയ്ക്കുന്നു
വഴിവക്കുകളിൽ വിധിയുറച്ചവന്റെ
യാത്രയ്ക്ക് ദുരാത്മാക്കളുടെ നിഴലാട്ടം
കണ്ണാടിയിലെ പിൻകാഴ്ചയിൽ
പിൻതുടരുന്നുണ്ട്
സമയമുറപ്പിച്ചൊരു കുരുക്ക്
ഒറ്റ വണ്ടി മാത്രം പോകാൻ പാകമിടുങ്ങി -
യൊരു വഴി
മടക്കമില്ലാത്തവരുടെ വണ്ടികളെ കാത്ത്
രാത്രി കറുപ്പിച്ച് വിശന്നു കിടക്കുന്നു
പുറപ്പെടും മുൻപേ മരണപ്പെട്ടൊരു
കവിതയിലയാൾ
നഖം കടിക്കുന്നു നഗ്നമാവുന്നു....!
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment