Saturday, November 12, 2022

 മകൾക്ക്

..................

ഒറ്റയാണെന്റെ പുത്രി

ഓരോ തിര തൊടുമ്പഴും

നിഴലിനെ ചേർത്ത്

കരനടത്തങ്ങളിൽ

നീണ്ടും കുറുകിയും

ഒറ്റയാക്കാതെ കാത്ത്


സ്വപ്ങ്ങളുറഞ്ഞച്ഛ

നുറക്കമായാൽ

ഉണ്ണിക്കയ് മൃതിമുക്കി

നീ വരയ്ക്ക്ണമൊരു ചിത്രം

ചിതലെടുക്കാതെ കാക്കണം


ഓരോ മുള്ളുകളും 

നോവു തേടുമ്പേൾ 

ഓർത്തുകൊള്ളുക

തനിച്ചെന്ന്


ഇന്നലകളുടെ അക്ഷരമുറ്റത്ത്

നിലാവിൽ തനിയെ നടന്നവൻ

നിഴലിൽ ആണി തറച്ച് 

ഒറ്റയാക്കപ്പെട്ടവനച്ഛൻ


നീ കണ്ണെരിച്ചുടയ്ക്ക

ചുവരുകൾ തൻ

കെട്ട ചരിതങ്ങൾ


രുധിരമിറ്റിയച്ഛനെഴുതിയതും

നിനക്കുള്ളതും കുറിക്കുക

വർണ്ണമേളങ്ങളെത്ര ചിരിച്ചാലും

കരുതുക നീ ഒറ്റയെന്ന്


മനസ്സ് നിറയ്ക്ക കനിവിറ്റിച്ച്

തുണയാവുക ഇടർച്ചകൾക്ക്

തുടർച്ചയാവാതെ

പുതുചരിത്രമൊരുക്ക നീ


ആത്മാവില്ലാത്തയച്ഛന്

അമൂർത്തത നിന്നോർമ്മയിൽ മാത്രം

അരിയുമെള്ളും പൂവുമുരുട്ടാതെ

ചിന്തകൾ കൂർപ്പിച്ച് 

ശ്രാദ്ധമൂട്ടുക


അമ്മയെ കരുതുക

ഉടലിലും ഉയിരിലും

കണ്ണുനീർത്തുള്ളികൾ

കൊർത്ത് കാത്ത് 

വച്ചതാണ് ഉറവവറ്റിയൊരു

കവിത


തീപ്പെട്ടു പോകാൻ

ഭയമുള്ളവൾക്കിത്തിരി

മണ്ണിലൊരു മീസാൻ

കല്ലും കരുതണം നീ


ഒറ്റയാകുമ്പോൾ

ഭയക്കാതിരിക്ക നീ

എവിടെയോ തറഞ്ഞ് 

കിടപ്പുണ്ടൊരാണിയിൽ

നിഴൽ കൊരുത്തച്ഛൻ

     

                  അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment