Saturday, November 12, 2022

 വിശപ്പ്

............ 

വിശപ്പ് ഒരു കവിതയാണ്

ഉദരത്തിൽ കിളിർത്ത് 

ഉടലാകെ പടർന്ന്

എല്ലാ നിറഭേദങ്ങളും

ആവാഹിച്ച് ഒറ്റ നിറത്തിൽ

ഭൂഖണ്ഡങ്ങളെ വരച്ചിടുന്ന

കവിത


മദമേറ്റ ചിന്തയ്ക്ക് വിശപ്പ്

വേട്ടയാണ്

വിഷം തറച്ച് മുനകൾ

ആഴങ്ങൾ തേടണം

അടങ്ങാതെ വന്നാൽ

ഉടൽ കൊത്തിത്തിന്നണം


ഒരോ തേടലും വിശപ്പിലാണാദ്യം

ഇന്ദ്രീയങ്ങളാകെയും.. 

ആ വിശപ്പാണ്

കാത്തിരിപ്പുകൾക്ക് ഇന്ധനം


വിശന്നു മരിച്ച കവികളുടെ 

അസ്ഥിത്തറകളിൽ 

എണ്ണയില്ലാതെ വിശന്ന 

കരിന്തിരിയിലാണ്

എന്റെ കവിത ചായമിട്ടത്


സ്വപ്നങ്ങളുടെ കടലിൽ 

ചത്തുപൊന്തിയ മീനുകൾക്ക്

വല്ലാതെ വിശന്നിട്ടുണ്ടാവാം


ഇന്ധനം തീർന്നു ചത്ത

സമയ ഘടികാരത്തിന്റെ

വിശപ്പിന്

എത്ര സ്പന്ദനങ്ങളുടെ 

ദൈർഘ്യമാണ്


നീ തന്ന ചില്ലറത്തുട്ടുകൾ

കോർത്തെടുത്തത് 

എന്റെ വിശപ്പു മാത്രമല്ല

ജീവിതവുമായിരുന്നു

വിശപ്പ് തിന്ന ജീവിതം 


വിശപ്പ് ഒരു രാഷ്ട്രീയമാണ് 

മുഹമ്മദ് അക് ലാക്ക്മാരുടെ 

മീസാൻ കല്ലുകളിൽ കോറിയിട്ട

 സംസ്യഭുക്കിന്റെ 

നരഭോജി രാഷ്ടീയം


       അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment