Saturday, November 12, 2022

 ജാതി സർട്ടിഫിക്കറ്റ്

...................................

ജാത്യാതിർത്തികൾക്കപ്പുറം

കടലായിരുന്നു ഉറവിടം

നോട്ടിക്കൽ ദൂരങ്ങൾ

അളന്ന് താണ്ടി ചൂഴ്ന്ന് വീശി

രാജ്യാതിർത്തികൾ വേറിടാതെ

വന്ന നിനക്ക് പല പേരുകൾ

ഒറ്റമണം 

മരണ ഗന്ധം


നാവു നീട്ടി വടിച്ചെടുത്തത്

ജാതി നോക്കിയല്ല

ഒരു തീണ്ടലും കൂടാതെ


ചത്തുപൊന്തിയും

ചതഞ്ഞരഞ്ഞും

ഒറ്റ ജാതിയായി

പരേതർ


അന്തിച്ചർച്ചയ്ക്ക്

ഇസ്തിരിയിട്ടിറങ്ങിയ

കത്തിവേഷങ്ങൾ

കാറ്റിന്റെ കടലിന്റെ കലിക്ക്

അന്യന്റെ ദുരന്തത്തിൽ

ചർച്ചിച്ച് ചർച്ചിച്ച്

മനം പുരട്ടലുകൾ


മരണം കട്ടെടുത്തവന്റെ

രക്ഷപ്പെട്ടവന്റെ

രക്ഷിച്ചവന്റെ

അതിജീവനത്തിൽ

എവിടെയും ഒറ്റമതമായിരുന്നു

അതിജീവനം


അതേ..

അതിജീവിക്കേണ്ടത് 

അങ്ങനെയാണ്

മാനവീകതയുടെ കരുത്തിൽ


മതം തിരക്കുന്നവരുടെ രാജ്യത്ത്

ഇത് ഒരു ഓർമ്മപ്പെടുത്തലാണ്


നിങ്ങൾക്ക് ഒരവകാശവും ഇല്ല

ഈ ജനതയുടെ

ജാതിയിലും ജാതകത്തിലും

എന്ന വിളിച്ചു പറയൽ

അത് ഓഖിയാവാം... 

മറ്റെന്തുമാവാം

രാഖിയോ ഹിജാബോ ചാർത്തി

വെടക്കാക്കരുത്.


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment